=തൃശൂർ: പതിവുകൾ തെറ്റിക്കാതെ പാതിമനസോടെ പൂരമാഘോഷിച്ച് വടക്കുന്നാഥന്റെ മണ്ണ്. മേടസൂര്യനുദിക്കുംമുന്പേ നടവഴികളിൽ ആളിരന്പിയ ഇടങ്ങളിലെ പതിവ് ആവേശം ആത്മസംയമനത്തിലേക്കു വഴിമാറിയതുപോലെ. മാനത്തു വർണക്കൂട്ടൊരുക്കേണ്ടവർ ഒപ്പമില്ലെന്ന ഓർമയുണ്ടായിരുന്നു തട്ടകക്കാരുടെ ഓരോ ചുവടിലും. രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരനഗരിയിലേക്കുള്ള വരവുതുടങ്ങി.
പിന്നാലെ കാരമുക്ക്, അയ്യന്തോൾ, ലാലൂർ, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കോട്ടുകാവ് ഭഗവതി, തിരുവന്പാടി ഭഗവതി, ചെന്പൂക്കാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, പാറമേക്കാവ് ഭഗവതി എന്നിവർക്ക് അകന്പടിയായി നഗരിയിലെത്തിയവർ പലവഴി പിരിഞ്ഞു.
മഠത്തിൽവരവിനു കോങ്ങാട് മധുവൊരുക്കിയ പഞ്ചവാദ്യമധുരം നുകർന്നും പാറമേക്കാവിന്റെ പുറപ്പാടിനൊപ്പം കിഴക്കൂട്ട് ഒരുക്കിയ ചെന്പടയും പാണ്ടിയും പിന്നിട്ട് വീണ്ടുമവർ ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിൽ ഒന്നിച്ചു. കോങ്ങാടിന്റെ പഞ്ചവാദ്യത്തിന്റെ മാസ്മരികതയിലലിഞ്ഞു സ്വരാജ് റൗണ്ടിലേക്കു കടക്കുന്പോൾ ആനകളുടെ എണ്ണം ഏഴ്. എഴുന്നള്ളിപ്പ് 2.45ന് നായ്ക്കനാലിലെത്തിയതോടെ പഞ്ചവാദ്യം മേളത്തിനു വഴിമാറി. ചെറുശേരിയുടെ മേളസദ്യ തുടങ്ങി.
ചെന്പടകൊട്ടി, ചെറുശേരി കുട്ടൻമാരാർ നയിച്ച പാണ്ടിയുടെ അകന്പടിയിൽ 15 ആനകളുടെ അകന്പടിയോടെ തേക്കിൻകാട് മൈതാനിയിലേക്ക്. ശ്രീമൂലസ്ഥാനത്തെ ജനാവലിയെ ഇടമുറിയാതെ പാണ്ടിമേളത്തിലാവാഹിച്ച് മേളപ്പെരുക്കം. പൂരക്കന്പക്കാർക്കും മേളക്കന്പക്കാർക്കും ചെറുശേരി കുട്ടൻമാരാരുടെ മേളം പുതുമയല്ലെങ്കിലും പ്രമാണിയുടെ പകിട്ടിൽ ചെറുശേരി കൊട്ടിയപ്പോൾ മേളം തകർത്തു.
പുലർച്ചെ മൂന്നിനു നിയമവെടിയോടെ ആരംഭിച്ച പാറമേക്കാവിന്റെ ഭക്തിപ്രധാനമായ ചടങ്ങുകൾ ചൂരക്കോട് ദുർഗാഭഗവതിയെ ഇറക്കിയെഴുന്നള്ളിച്ചതോടെ മേളക്കന്പത്തിലേക്കു വഴിമാറി. പതിനൊന്നരയോടെ ചെറിയപാണി, പിന്നാലെ വിളംബരകാലത്തിൽ ചെന്പടയുടെ ആവേഗം. ഉച്ചയോടെ പാറമേക്കാവ് ഭഗവതിയുടെ തിടന്പേറ്റി തൃക്കടവൂർ ശിവരാജു പുറത്തേക്ക്. പ്രൗഢിയൊട്ടും കുറയ്ക്കാതെ 14 പറ്റാനകൾ ഒപ്പം.
ചെന്പട കലാശിച്ചു കുടമാറ്റത്തിനുശേഷം പാണ്ടിമേളത്തിന്റെ താളമുയർന്നതോടെ ജനാവലി ചെണ്ടക്കോലിനൊപ്പം ചലിക്കുന്നവരായി. കൃത്യം രണ്ടിനു കിഴക്കൂട്ട് അനിയൻമാരാരുടെ ആദ്യ കോൽ വീണതോടെ ഇലഞ്ഞിത്തറയിലെ മഹാ സിംഫണിക്കു തുടക്കം. അപ്പോൾ പുറത്ത് കുട്ടൻമാരാരുടെ നേതൃത്വത്തിൽ തിരുവന്പാടിയുടെ മേളം കൊട്ടിക്കയറുകയായിരുന്നു.
കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ ഇലഞ്ഞിത്തറയിലെ വിസ്മയം താണ്ടി തൃപുടയുടെ അകന്പടിയിൽ പാറമേക്കാവ് വിഭാഗം തെക്കേഗോപുര നടയിലേക്ക്. ജനസാഗരത്തിലേക്ക് ശിവരാജുവിന്റെ തലപ്പൊക്കം തെളിഞ്ഞതോടെ ആവേശക്കടലിളക്കം. തെക്കോട്ടിറങ്ങി വടക്കുന്നാഥന്റെ പ്രദക്ഷിണവഴിയിൽ പാണ്ടി കലാശിച്ചു. ത്രിപുടമേളത്തിന്റെ അകന്പടിയിൽ രാജാവിനെ വലംവച്ച് പഞ്ചാരിയുടെ അകന്പടിയിൽ തിരികെ പ്രദക്ഷിണവഴിയിലേക്ക്.
പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാരുടെ മുഖാമുഖം. ഈയൊരൊറ്റ കാഴ്ച മതിയായിരുന്നു മഹാദുരന്തത്തിന്റെ ഓർമകൾ ഇറക്കിവയ്ക്കാൻ. പതിനെട്ടു സെറ്റ് കുടകളാണ് ഇരുപക്ഷവും മാറ്റിയത്. കുടമാറ്റം കഴിഞ്ഞതോടെ ഇറക്കിപൂജകൾക്കായി തിരുവന്പാടി ഭഗവതിയും പാറമേക്കാവ് ഭഗവതിയും മടങ്ങിയതോടെ രാത്രി പൂരത്തിനു കാത്തിരിപ്പ്. രാത്രി പകൽപൂരങ്ങളുടെ ആവർത്തനം. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലർച്ചയിലെ പ്രധാന വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഇന്നു പകൽപ്പൂരവും ഉപചാരം ചൊല്ലലും നടക്കും.